thookupalam

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി തൂക്കുപാലത്തിനായി എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യം ഉയർത്തി പ്രദേശവാസികൾ. നിരവധിപേരുടെ യാത്രാമാർഗമാണ് ജനപ്രതിനിധികളുടെ അനാസ്ഥയിൽ യാഥാർത്ഥ്യമാകാതെ പോകുന്നത്.

ആയവന പഞ്ചായത്തിലെ കടുംപിടിയേയും -തോട്ടഞ്ചേരിയെയും ബന്ധിപ്പിച്ച് കാളിയാർ പുഴയ്ക്കു കുറുകെ നിർമ്മിച്ച തൂക്കുപാലമാണ് 2018ലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇതോടെ നൂറുകണക്കിനാളുകളുടെ യാത്രമാർഗം ഇല്ലാതായി. തോട്ടഞ്ചേരി-കാരിമറ്റം പ്രദേശങ്ങളേയും കടുംപിടി- കാലാമ്പൂർ പ്രദേശങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് 2002ലാണ് തൂക്കുപാലം നിർമ്മിച്ചത്. പാലം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ സ്‌കൂൾ കുട്ടികളടക്കമുള്ളവരുടെ യാത്ര ദുരിതത്തിലായി. തുടർന്ന്‌ കെൽ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൂക്കുപാലം പുനർനിർമ്മിക്കുന്നതിന് രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി മറ്റു നടപടികളും പൂർത്തിയാക്കിയിരുന്നു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സർക്കാർ തോട്ടഞ്ചേരി തൂക്കുപാലത്തിന് പണം വകയിരുത്തിയതും ചെയ്തു. 1 കോടി 70 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ തുടർപ്രവർത്തനത്തിന്റെ അഭാവത്തിൽ ഫണ്ട് നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. 2020 നവംബർ 4ന് ഭരണാനുമതി ലഭിച്ച പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കാ നാണ് നിർദ്ദേശിച്ചത്. എന്നാൽ തൂക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന ആശയം ഉയർന്നുവന്നു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം കോൺക്രീറ്റ് പാലം പണിയുമെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാൽ കോൺക്രീറ്റ് പാലം എന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. ഈ സാഹചര്യത്തിൽ റീബിൽഡ് പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് തൂക്കുപാലം നിർമ്മിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. ഇതിനുള്ള നടപടികൾ എത്രയും വേഗം കൈകൊള്ളണമെന്ന് ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.രാജനും വാർഡ് അംഗം എം.എസ്. വാസുദേവൻ നായരും ആവശ്യപ്പെട്ടു.