കോലഞ്ചേരി: വാട്ടർ മെട്രോ നിർമ്മാണത്തിനായ കാക്കനാട് ബ്രഹ്മപുരം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മേഖലയിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റിൽ ചേരും. പുതിയ പാലം നിർമ്മിക്കാതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് പുത്തൻകുരിശ് പഞ്ചായത്തടക്കം പ്രമേയം പാസാക്കിയിരുന്നു. പാലം പൊളിക്കുന്നതോടെ കൊച്ചി നഗര സഭയിലേയും സമീപത്തെ നാലു പഞ്ചായത്തിലേയും മാലിന്യം ബ്രഹ്മപുരം മാലിന്യ പ്ളാന്റിലേക്ക് എത്തിക്കുന്നതിനുള്ള വഴി അടയും. പുത്തൻകുരിശ് മേഖലയിൽ നിന്ന് കാക്കനാടേയ്ക്ക് എത്താനുള്ള എളുപ്പവഴിയും ഇതാണ്. പാലം പൊളിക്കുന്നത് മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.