ആലുവ: നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ദശരഥത്തിന്റെ രണ്ടാംഭാഗം ഉപേക്ഷിച്ചതായി സംവിധായകൻ സിബി മലയിൽ വ്യക്തമാക്കി. ആലുവ ടാസിൽ നാലുദിവസത്തെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദശരഥത്തിന്റെ രണ്ടാംഭാഗം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നെടുമുടി വേണുവാണ്. മാത്രമല്ല ദശരഥത്തിന്റെ വിജയത്തിൽ നെടുമുടിയുടെ അഭിനയപാടവം പ്രധാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ടാസ് പ്രസിഡന്റ് എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ശ്രീലത വിനോദ് കുമാർ, ജയൻ മാലിൽ, സി.എൻ.കെ.മാരാർ, സദാനന്ദൻ പാറാശ്ശേരി, എം.കെ.രാജേന്ദ്രൻ, പി.ബി.വേണുഗോപാൽ, മുസ്തഫ കമാൽ, കെ.എ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ചവിട്ട് സംവിധായകർ റഹ്മാൻ ബ്രദേഴ്സ്, കാടകലം സിനിമയുടെ നിർമ്മാതാവ് സുബിൻ ജോസഫ് എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. കെ.എസ്. സേതുമാധവനെയും അദ്ദേഹം സ്മരിച്ചു. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത മറുപക്കം എന്ന സിനിമ പ്രദർശിപ്പിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിന് കെ.പി.എ.സി ലളിത അനുസ്മരണം സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുല്പാട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ.പി.എ.സി ലളിത അഭിനയിച്ച അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'കൊടിയേറ്റം' പ്രദർശിപ്പിക്കും. നാളെ വൈകിട്ട് അഞ്ചിന് നെടുമുടി വേണു അനുസ്മരണം ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവും ചലച്ചിത്രനാടകപ്രവർത്തകനുമായ ബാബു പള്ളാശ്ശേരി ഉദ്ഘാടനം ചെയ്യും. തുടർന്ന് നെടുമുടി വേണു അഭിനയിച്ച പി.പത്മരാജൻ സംവിധാനം ചെയ്ത 'കള്ളൻ പവിത്രൻ' പ്രദർശിപ്പിക്കും.13ന് വൈകിട്ട് ജോൺ പോൾ അനുസ്മരണം ഡോ.അജു കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ.ജോൺ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ജോൺ പോൾ രചന നിർവഹിച്ച ഭരതൻ സംവിധാനം ചെയ്ത 'ചാമരം' പ്രദർശിപ്പിക്കും.