ആലുവ: കാനനിർമ്മിക്കാത്തതിനാൽ തോട്ടുമുഖം - തടിയിട്ട്പറമ്പ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. തോട്ടുമുഖത്തുനിന്ന് റോഡ് തുടങ്ങുന്ന ഭാഗത്ത് ഏകദേശം ഒരു അടിയോളം ആഴത്തിൽ വെള്ളക്കെട്ടാണ്. റോഡിൽ വിരിച്ച കോൺക്രീറ്റ് കട്ടകളെല്ലാം താഴേക്ക് ഇരുന്ന അവസ്ഥയിലാണ്.

കീഴ്മാട് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡാണിത്. കീഴ്മാട് പഞ്ചായത്ത് ഓഫിസ്, രാജഗിരി ആശുപത്രി, ശിവഗിരി സ്‌കൂൾ, ശ്രീനാരായണ ഗിരി അനാഥമന്ദിരം, ക്രസന്റ് സ്‌കൂൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്കും വിവിധ ഗ്രാമങ്ങളിലേക്കും പോകുന്ന റോഡാണിത്. അതിനാൽ നിരവധി വാഹനങ്ങളാണ് ഏതുസമയവും ഇതുവഴി കടന്നുപോകുന്നത്. വർഷങ്ങളായി തകർന്ന് കിടന്നിരുന്ന റോഡ് സമീപ കാലത്താണ് പുനരുദ്ധാരണം നടത്തിയത്. എന്നാൽ, ഈ പ്രധാന റോഡിൽ വെള്ളം ഒഴുകി പോകാനുള്ള കാന പലഭാഗത്തും ഇല്ല. മൂന്ന് വർഷം മുമ്പ് റോഡ് നിർമ്മാണം തുടങ്ങുന്ന സമയത്ത് തന്നെ കാന നിർമ്മിച്ചിട്ട് റോഡ് പണിയാൻ നാട്ടുകാർ ആവശ്യപ്പെട്ടതാണ്. പക്ഷേ അതൊന്നും മുഖവിലയ്ക്കെടുക്കാതെ റോഡ് കൂടുതൽ പൊക്കി പണിയുകയായിരുന്നു.