വൈപ്പിൻ: തലയ്ക്ക് പട്ടിക കൊണ്ടുള്ള അടിയേറ്റ് നായരമ്പലം നോർത്ത്എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ നായരമ്പലം ഉണ്ണിയമ്പത്ത് അനീഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 നായിരുന്നു ആക്രമണം നടന്നത്.
എസ്.എൻ.ഡി.പി. ശാഖാ മൂന്ന് മാസം മുമ്പ് 4 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ശാഖ വസ്തു വാങ്ങിയതിന് തനിക്ക് കമ്മിഷൻ നൽകണമെന്നാവശ്യപ്പെട്ട് നായരമ്പലം കൈതവളപ്പിൽ ലൈജു അനീഷിനെ സമീപിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള സംസാരത്തിനിടക്കാണ് ലൈജുവിന്റെ പട്ടികയ്ക്കുള്ള അടിയേറ്റത്.
ഞാറക്കൽ ക്രിസ്തുജയന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളം ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് അംഗം കെ.പി. ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ ആശുപത്രിയിലെത്തി അനീഷിനെ സന്ദർശിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.