വൈപ്പിൻ: സംസ്ഥാനത്തെ പ്രധാന തീരമണ്ഡലമായ വൈപ്പിനിൽ മത്സ്യസമ്പത്തിന്റെ വർദ്ധനയ്ക്ക് ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. കടലും കായലും അതിരിടുന്ന പ്രദേശത്ത് കൂടുകൃഷി ഉൾപ്പെടെ ബഹുതല സർക്കാർ പദ്ധതികൾ ഊർജിതമാക്കും. കടലും തീരവും മത്സ്യസമൃദ്ധിക്ക് ഉതകും വിധം പ്ലാസ്റ്റിക് മുക്തമാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതി വിപുലമായി നടപ്പാക്കുന്നതിനൊപ്പം കായലിലേക്കുള്ള കൈവഴികളിൽ നീരൊഴുക്ക് വർദ്ധിപ്പിക്കാനും നടപടികൾ അവലംബിക്കും.
ദേശീയ മത്സ്യകർഷകദിനത്തിന്റെ മണ്ഡലതല ആചരണം എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് കോളേജ് മുൻ ഡീൻ ഡോ.കെ.എസ്.പുരുഷൻ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ജെ.ആൽബി, ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി.സന്ദീപ്, അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.ഡി.രമ്യ, ബി.എസ്.സീതാലക്ഷ്മി എന്നിവർ സംസാരിച്ചു. മുതിർന്ന മത്സ്യക്കർഷകരായ നായരമ്പലത്തെ മരിയ ദാസൻ, എടവനക്കാട്ടെ കെ.ജി. ദിനേശൻ എന്നിവരെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു.