
തൃക്കാക്കര: കാൽനടയായി ഇന്ത്യ ചുറ്റി യു.ആർ.എഫ് റെക്കാഡ് ജേതാക്കളായ ബെന്നി കൊട്ടാരത്തിൽ, മോളി ബെന്നി എന്നിവരെ ആദരിച്ചു. ചാവറ കൾച്ചറൽ സെന്ററും സ്പർശന മാർട്സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ സി.സി.ജേക്കബ്, എം.എം.ജേക്കബ്,ഇട്ടി മാത്യു,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി,വിസിലിംഗ് അസോസിയേഷൻ ചെയർമാൻ ജ്യോതി ആർ. കമ്മത്ത്, സ്പർശന മാർട്സ് സി.ഇ.ഒ സ്റ്റീഫൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശികളായ ബെന്നിയും മോളിയും 2021 ഡിസംബർ ഒന്നിനാണ് കന്യാകുമാരിയിൽ നിന്ന് യാത്ര തിരിച്ച് ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയത്. കാൽനടയായി ഭാരതം ചുറ്റുന്ന ആദ്യ ദമ്പതികളാണിവർ. 216 ദിവസം കൊണ്ട് പൂർത്തിയാക്കിയ നടത്തത്തിൽ 9000 ത്തിൽ കൂടുതൽ കിലോമീറ്ററാണ് പിന്നിട്ടത്. 17 സംസ്ഥാനങ്ങളിലൂടെ ഇരുവരും സഞ്ചരിച്ചു. യാത്രയുടെ സമാപനവും കന്യാകുമാരിയിലായിരുന്നു.