കൊച്ചി: ചൂട് ദോശയും ചമ്മന്തിയും മുതൽ ചൈനീസ് വിഭവങ്ങൾ വരെ വിളമ്പുന്ന കൊച്ചിയിലെ തട്ടുകടകളിലെ രുചി നഗരവാസികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുലരുവോളം തുറന്നിരിക്കുന്ന തട്ടുകടകളിൽ തിരക്കിനും വരുമാനത്തിനും കുറവില്ല. എന്നാൽ കൊച്ചിയിൽ പുതിയ തട്ടുകട തുടങ്ങാൻ ആർക്കും താത്പര്യമില്ല ! പുതിയ ലൈസൻസിനായി നഗരസഭയെ സമീപിച്ച 743 പേരിൽ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് 64 പേർ മാത്രം. യുദ്ധകാലാടിസ്ഥാനത്തിൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ കൊച്ചി കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടുകട നടത്തിപ്പിനുള്ള വിമുഖത കണ്ടെത്തിയത്. തട്ടുകട തുറക്കുന്നതിൽ നിന്ന് അപേക്ഷകരിൽ ഭൂരിഭാഗവും പിന്മാറാനുള്ള കാരണം അന്വേഷിക്കുകയാണ് കോർപ്പറേഷൻ. മൂവായിരത്തിലധികം തട്ടുകടകളുണ്ടായിരുന്നു കൊച്ചിയിൽ. ഇതിൽ 1350 എണ്ണത്തിന് മാത്രമേ ലൈസൻസുള്ളൂ. അനധികൃതമായി പ്രവർത്തിച്ചവയെ ഹൈക്കോടതി നിർദ്ദേശപ്രകാരം നീക്കംചെയ്യുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്.
കണ്ടെത്താൻ നേരിട്ടിറങ്ങി
ഒറ്റയടിക്ക് 734 പേർ ലൈസൻസിന് അപേക്ഷ നൽകിയതോടെ കോർപ്പറേഷൻ നടപടികൾ പ്രതിസന്ധിയിലായി. തുടർന്ന് ഓരോ കൗൺസിലർമാർക്കും അപേക്ഷകരുടെ വിവരം കൈമാറി നടപടികൾ ഏകോപിക്കുകയായിരുന്നു. ജനപ്രതിനിധികൾ നേരിട്ടെത്തി വിവരശേഖരണം നടത്തിയപ്പോഴാണ് താത്പര്യമറിയിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനായത്. താത്പര്യം അറിയിച്ചവരുടെ എണ്ണം കുറഞ്ഞെങ്കിലും കൂടുതൽപേർ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ
330 പേർ
നഗരത്തിൽ നിന്ന് നീക്കിയ തട്ടുകടകളിൽ 330 പേർ മാത്രമേ അപ്പീൽ നൽകിയിട്ടുള്ളൂ. പരാതികൾ അപ്പീൽ കമ്മിറ്റി പരിശോധിച്ചുവരികയാണ്. അദാലത്ത് നടത്താനാണ് തീരുമാനം. കൃത്യമായ രേഖകളടക്കം ഹാജരാക്കിയാൽ ഇവർക്കും ലൈസൻസുകൾ പുതുക്കി നൽകിയേക്കും.
തട്ടുകട സ്വയം നടത്തണം
നഗരപരിധിയിലുള്ളവർക്കേ തട്ടുതട ലൈസൻസിനായി അപേക്ഷിക്കാനാകൂ. കോർപ്പറേഷന്റെ ചട്ടങ്ങൾ പാലിച്ചുവേണം പ്രവർത്തിക്കാൻ. ലൈസൻസിക്കോ കുടുംബാംഗങ്ങൾക്കോ തട്ടുകടയിൽ ജോലിനോക്കാം. എന്നാൽ ജോലിക്കാരെ നിർത്താൻ പാടില്ലെന്നാണ് നിബന്ധന.
ലൈസൻസ് ആവശ്യപ്പെട്ട് എത്തിയവർ ഏറെയായിരുന്നു. കൗൺസിലർമാർ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ഏതാനും പേർ മാത്രമേ താത്പര്യം കാട്ടിയുള്ളൂ. അപ്പീൽ അപേക്ഷകൾ ഉടൻ തീർപ്പാക്കും
എം.എച്ച്.എം അഷ്റഫ്,
ചെയർമാൻ,
അപ്പീൽ കമ്മിറ്റി