ആലുവ: എടയപ്പുറം ഗവ.എൽ.പി സ്‌കൂളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ജി.സി.ഡി.എയുടെ സഹായം ഉറപ്പാക്കുമെന്ന് ചെയർമാൻ കെ.ചന്ദ്രൻപിള്ള പറഞ്ഞു. കീഴ്മാട് ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എടയപ്പുറം ഗവ. എൽ.പി.എസിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് - സ്കൂൾ അധികൃതരുമായി കൂടിയാലോചിച്ച് പുതുതായി നിർമ്മിച്ച കെട്ടിടത്തിന് മുകളിൽ കൂടുതൽ സൗകര്യമൊരുക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ, വാർഡ് അംഗങ്ങളായ ഹിത ജയകുമാർ, സാഹിദ അബ്ദുൾസലാം, സിമി അഷറഫ്, ഹെഡ്മിസ്ട്രസ് എ.കെ.ഷീല എന്നിവർ സംസാരിച്ചു.