കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ കടമുറിക്കുള്ളിൽ സ്ഥാപിക്കാൻ അർദ്ധരാത്രി ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ പെട്ടിവണ്ടിയിൽ കിടത്തി കയർകൊണ്ട് ചുറ്റിക്കെട്ടി കൊണ്ടുവന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം.
ഗുരുദേവനിന്ദയിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ മേഖലാ കോഓർഡിനേഷൻ കമ്മിറ്റി ഇന്ന്
വൈകിട്ട് 5ന് എസ്.എൻ.ജംഗ്ഷനിൽ ധർണ നടത്തും. യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. കൺവീനർ എം.ഡി.അഭിലാഷും മേഖലയിലെ 22 ശാഖകളിലെ ഭാരവാഹികളും പങ്കെടുക്കും.
മെട്രോ റെയിൽ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ എസ്.എൻ.ജംഗ്ഷനിലെ ഗുരുമന്ദിരം യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ മൂന്നുനിലയിൽ പുനർനിർമ്മിക്കുന്നത് അവസാനഘട്ടത്തിലാണ്. വിപുലമായ രീതിയിൽ മന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠയ്ക്ക് ഒരുക്കം നടക്കുന്നതിനിടെയാണ് എസ്.എൻ. ജംഗ്‌ഷൻ പ്രതിമാ സ്ഥാപന കമ്മിറ്റിയെന്ന പേരിൽ സമീപത്തെ കടമുറിയിൽ മറ്റൊരു ഗുരു പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ പേരിൽ ലക്ഷങ്ങളുടെ അനധികൃത പിരിവും മറ്റും നടത്തിയതായി ആരോപണം ഉയർന്നിരുന്നു.
കടയിൽ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമംയോഗം തൃപ്പൂണിത്തുറ മേഖലാ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ
എൽ.സന്തോഷ്, അഡ്വ. രാജൻ ബാനർജി, എം.ആർ.സത്യൻ, ഇ.എസ്. ഷിബു, ശ്രീജിത്ത് ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം യോഗം പ്രവർത്തകർ ചേർന്നാണ് തടഞ്ഞത്. തൃപ്പൂണിത്തുറ പൊലീസും രംഗത്തെത്തി. പ്രതിമ കൊണ്ടുവരാൻ നേതൃത്വം നൽകിയവരെ പൊലീസ് വിരട്ടിയോടിച്ചു.
ഗുരുദേവനോട് കാട്ടിയ
തികഞ്ഞ അനാദരവാണിതെന്നും സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമാണെന്നും യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ എം.ഡി. അഭിലാഷും പറഞ്ഞു.