
കൊച്ചി: ബഫർസോൺ വിഷയത്തിൽ സംസ്ഥാനസർക്കാരിന്റെ സമീപനത്തിലെ ആത്മാർത്ഥത സംശയകരമാണെന്ന് കേരള കത്തോലിക്കാ മെത്രാൻസമിതി (കെ.സി.ബി.സി) ആരോപിച്ചു. സുപ്രീംകോടതി ഉത്തരവിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നയങ്ങളും വ്യക്തവും കൃത്യവുമാകണം. 2019ൽ എക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിൻവലിച്ചിട്ടില്ല. പ്രായോഗിക നടപടികൾ സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ സർക്കാർ വൈമനസ്യം പുലർത്തുകയാണ്. വിശദമായ റിപ്പോർട്ട് തയ്യാറാക്കി അപ്പീൽ നൽകാൻ നടപടികൾ സ്വീകരിക്കണം. നിലവിലെ വനാതിർത്തികൾ ബഫർസോണിനായി പുനർനിർണയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.