കൊച്ചി: ജില്ലാ മുൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ വടുതല പുത്തൻവീട്ടിൽ അഡ്വ. പി.ആർ.ലെസ്ലി സ്റ്റീഫൻ (67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ. കൊച്ചി നഗരസഭ മുൻ കൗൺസിലർ പരേതനായ പി.ജെ. റോക്കിയുടെയും പരേതയായ ട്രീസയുടെയും മകനാണ്.

വടുതല ഡോൺ ബോസ്‌കോ യുവജന കേന്ദ്രം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വന്നിരുന്ന ലെസ്ലി സ്റ്റീഫൻ 1989 ൽ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന സംഘടനാ തിരഞ്ഞെടുപ്പിലൂടെ വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകവൃത്തിക്കൊപ്പം പൊതുപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2010ൽ 31-ാം ഡിവിഷനിൽനിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റുമായിരുന്നു.

കോട്ടയം പുല്ലുകാട്ട് കുടുംബാംഗവും സഖി വാരിക പത്രാധിപർ കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും മകളും ഹൈക്കോടതിയിലെ മുൻ സീനിയർ ഗവ. പ്ലീഡറുമായ അഡ്വ. ലില്ലി ലെസ്ലിയാണ് ഭാര്യ. മക്കൾ: രാഹുൽ (ഓസ്‌ട്രേലിയ), അഡ്വ. രേഷ്മ (ബഹറിൻ). മരുമക്കൾ: റീമ (ഓസ്‌ട്രേലിയ), ബിനീഷ് (ബഹറിൻ).