കാലടി: ജില്ലയിൽ പട്ടികജാതി കുടുംബങ്ങൾ കൂടുതലുള്ള പഞ്ചായത്തുകളിൽ ഒന്നാണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്. പതിനെട്ടോളം പട്ടികജാതി കോളനികൾ ഇവിടെയുണ്ട് . തെക്കുംഭാഗം, തൃക്കണിക്കാവ്, കുഴിപ്പള്ളം എന്നീ പ്രദേശങ്ങളിലെ ശ്മശാനങ്ങളാണ് ഇവർ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നത്. ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി ശ്മശാത്തിനത്തിനായി മാറ്റിയിട്ട സ്ഥലമാണിത്.

എന്നാൽ, അധികാരികളുടെ കണ്ണുതുറക്കാത്തതിനാൽ കാടുകയറി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ അവിടം. മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ പാവപ്പെട്ട പട്ടികജാതിക്കാരായ ഇവിടത്തുകാർക്ക് 6000 രൂപ മുടക്കി മറ്റിതര സമുദയങ്ങളുടെ ശ്മശാനങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്.

 ഫണ്ട് വകമാറ്റുന്ന പഞ്ചായത്ത്

കഴിഞ്ഞ സാമ്പത്തിക വർഷവും ശ്മശാനത്തിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുക വകമാറ്റി ചെലവഴിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തി. തെക്കുംഭാഗത്തെയും കുഴിപ്പള്ളത്തെയും ശ്മശാനങ്ങൾ ആധുനികവത്കരിച്ച് നിർമ്മിച്ചു നൽകിയാൽ ഈ വിഭാഗക്കാരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടിവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നാണ് സമുദായ നേതാക്കൾ പറയുന്നത്. പി.കെ.എസ് ലോക്കൽ സെക്രട്ടറി എം.എ.ബൈജു, പ്രസിഡന്റ് പി.ഒ.ഉണ്ണി എന്നിവർ അടങ്ങുന്ന കമ്മിറ്റി നിരന്തരം പരാതി നൽകിയിട്ടും ശ്മശാന നവീകരണം അനന്തമായി നീളുകയാണ്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടി വരുമെന്നു കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീജേഷ്, ഗിരിജ ശശി, കെ.കെ.റെജി, എൻ.കെ.സുകുമാരൻ എന്നിവർ കേരളകൗമുദിയോട് പറഞ്ഞു.