കോലഞ്ചേരി: വാട്ടർ മെട്രോ നിർമ്മാണത്തിനായി കാക്കനാട് ബ്രഹ്മപുരം പാലം തത്കാലം പൊളിക്കില്ല. സമാന്തരമായി വാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യമൊരുക്കിയശേഷം മാത്രം പാലം പൊളിച്ചാൽ മതിയെന്ന് ഇന്നലെ കളക്ടറേറ്റിൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. ഇതോടെ പാലം പൊളിക്കലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് താത്ക്കാലിക വിരാമമായി.
പാലം പൊളിക്കുന്നതോടെ കൊച്ചി നഗരസഭയിലെയും സമീപത്തെ നാല് പഞ്ചായത്തുകളിലെയും മാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തിക്കുന്നതിനുള്ള വഴി അടയുമെന്നതാണ് പ്രധാന പ്രശ്നം. പാലാരിവട്ടം, വൈറ്റില, പേട്ട, ഇരുമ്പനം, അമ്പലമേട്, കരിമുഗൾ വഴി ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യം എത്തിക്കുന്നതിന് ഇരട്ടിച്ചെലവും വഹിക്കേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയത് നിർമ്മിക്കാതെ നിലവിലെ പാലം പൊളിക്കരുതെന്നുള്ള ആവശ്യം ഉയർന്നത്. പുത്തൻകുരിശ് മേഖലയിൽ നിന്ന് കാക്കനാട് എത്താനുള്ള എളുപ്പ വഴിയും ഇതാണ്. പാലം പൊളിക്കുന്നത് മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകും. കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടമ്പ്രയാറിന് കുറുകെയുള്ള പാലത്തിന്റെ പുനർനിർമ്മാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 23.2 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തി ഉയരം വർദ്ധിപ്പിച്ച് പുതിയ സ്പാനുകൾ സ്ഥാപിച്ച് പുതുക്കി പണിയുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. സമാന്തര പാത നിർമ്മിച്ചശേഷം മാത്രം പണി തുടങ്ങാനാണ് തീരുമാനം. കളക്ടർ ജാഫർ മാലിക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ.അശോക കുമാർ, പഞ്ചായത്ത് അംഗം ടി.എസ്.നവാസ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ അബ്ദുഷാന, സി.പി.എം പുത്തൻകുരിശ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എ.വേണു, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം വി.കെ.അയ്യപ്പൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം എ.എക്സ്.ഇ മായ തുടങ്ങിയവർ പങ്കെടുത്തു.