മൂവാറ്റുപുഴ: കല്ലൂർക്കാട് വെറ്ററിനറി ഡിസ്‌പെൻസറിയിൽ ഡോക്ടറില്ല. ഡോക്ടറുടെ അഭാവം ക്ഷീരകർഷകരെ ഏറെ വലയ്ക്കുകയാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ ക്ഷീരകർഷകരുള്ള ഗ്രാമമാണ് കല്ലൂർക്കാട്. ഇവിടത്തെ മൃഗാശുപത്രിയിൽ മാസങ്ങളായി വെറ്ററിനറി സർജനില്ല. ജോലിയിൽ പ്രവേശിച്ച ഡോക്ടർ അഞ്ച് വർഷത്തെ സുദീർഘമായ അവധി എടുത്തിരുന്നു. ഇതോടെ മൃഗാശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. പഞ്ചായത്തിന്റെ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടതും ക്ഷീരമേഖലയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളെല്ലാം നിലയ്ക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ മരുന്ന് വാങ്ങുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും ഡോക്ടറുടെ അഭാവം മൂലം ഗുണഫലം പ്രദേശവാസികൾക്ക് ലഭിച്ചിട്ടില്ല. 2018-19 സാമ്പത്തിക വർഷം 50 ലക്ഷം രൂപ ചെലവഴിച്ച് കല്ലൂർക്കാട് പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയിരുന്നു. ക്ഷീര കർഷകർക്കുള്ള ആനുകൂല്യം ലഭിക്കാതെ പോകുന്നതിൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്. കല്ലൂർക്കാട് മൃഗാശുപത്രിയിൽ അടിയന്തരായി വെറ്ററിനറി സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്ക് മുൻ.എം.എൽ.എ എൽദോ എബ്രഹാം നിവേദനം നൽകി.