കൊച്ചി: ഫോർട്ടുകൊച്ചിയിൽനിന്ന് കാക്കനാട് വ്യവസായമേഖല, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ എത്രയുംവേഗം പുനരാരംഭിക്കണമെന്ന് താലൂക്കുതല വികസനസമിതിയോഗം ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിലാണ് ഈ സർവീസുകൾ മുടങ്ങിയത്.

കുഴുപ്പള്ളി വില്ലേജിന്റെ ഭാഗമായുള്ള മുനമ്പം പ്രദേശങ്ങൾ ജനങ്ങളുടെ സൗകര്യംമാനിച്ച് പള്ളിപ്പുറം വില്ലേജിലേക്ക് ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥ്, കൊച്ചി തഹസിൽദാർ സുനിത ജേക്കബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.