ആലുവ: മകളുടെ വിവാഹം ക്ഷണിക്കാൻ പോയ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഉരസിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടി മുതിരപ്പറമ്പ് വീട്ടിൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യ ഫാത്തിമ (48)യാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് 6.30ന് ദേശീയപാതയിൽ തോട്ടക്കാട്ടുകരയ്ക്കും പറവൂർ കവലയ്ക്കും ഇടയിൽ കേരള ചിപ്പ്സിന് മുൻപിലായിരുന്നു അപകടം. ഉടൻതന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 24ന് നടക്കുന്ന മകളുടെ വിവാഹത്തിന് ഉളിയന്നൂർ സ്വദേശികളായ ബന്ധുവിനെ ക്ഷണിച്ച് മടങ്ങുകയായിരുന്നു ദമ്പതികൾ. ബൈക്കിനെ മറികടന്ന ലോറി ബൈക്കിന്റെ ഹാൻഡിലിൽ മുട്ടുകയായിരുന്നു. ഇതേ തുടർന്ന് ബൈക്ക് മറിഞ്ഞ് ഫാത്തിമ റോഡിന്റെ വലതുവശത്തേക്കും ഗഫൂർ ഇടതുവശത്തേക്കും വീണു. ഫാത്തിമയുടെ ദേഹത്ത് ലോറി കയറി. ഇടതുവശത്തേക്ക് വീണ അബ്ദുൽ ഗഫൂർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബ്ലോക്കുപടി കവലയിൽ പലചരക്ക് കട നടത്തുകയാണ് അബ്ദുൽ ഗഫൂർ. മകൻ സുഹൈൽ ലോജിസ്റ്റിക്‌സ് ജീവനക്കാരനാണ്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം കൈതാരം ജുമാമസ്ജിദിൽ മൃതദേഹം കബറടക്കി.