ആലുവ: റൂറൽ ജില്ലാ പൊലീസ് മേധാവിയായി വിവേക് കുമാർ ചുമതലയേറ്റു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ കെ.കാർത്തിക്കിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. 2017 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിവേക് കുമാർ ഉത്തർപ്രദേശ് വാരണാസി സ്വദേശിയാണ്.
ആലപ്പുഴ, കൽപ്പറ്റ, കാസർഗോഡ് (സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ്) തുടങ്ങിയ ഇടങ്ങളിൽ എ.എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ റിസർവ്വ് ബറ്റാലിയനിൽ കമാണ്ടന്റായിട്ടായിരുന്നു ആദ്യ എസ്.പി നിയമനം. തുടർന്ന് കെ.എ.പി നാലാം ബറ്റാലിയന്റെ കമാണ്ടന്റായിരിക്കെയാണ് റൂറൽ ജില്ലയുടെ മേധാവിയായി നിയമിക്കുന്നത്.
കെ. കാർത്തിക്കിന് യാത്ര അയപ്പ്
ആലുവ: കോട്ടയം ജില്ലാ പൊലീസ് മേധാവിയായി സ്ഥലം മാറിപോകുന്ന കെ. കാർത്തിക്കിന് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് യാത്ര അയപ്പ് നൽകി. ഡിവൈ.എസ്.പി പി.പി.ഷംസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ഡി.പി.ഒ മാനേജർ വിനോദ് വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ്.പി കെ.കാർത്തിക്ക്, ബെന്നി കുര്യാക്കോസ്, പി.വി.രതീഷ്, ജെ.ഷാജിമോൻ, എം.എം.അജിത് കുമാർ, കെ.ജി.സാജൻ, കെ.കെ.ജെറോം എന്നിവർ സംസാരിച്ചു.