വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽനിന്നായി 25,000 വനിതകൾ മത്സരാധിഷ്ഠിത കാർഷികവൃത്തിയിലേക്ക് ഇറങ്ങുന്നു. എട്ട് കുടുംബശ്രീ സി.ഡി.എസുകളിലെ 135 എ.ഡി.എസുകളിൽ ഉൾപ്പെടുന്ന 2,363 അയൽക്കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ സജീവമാകും. അയൽക്കൂട്ടങ്ങളിലൂടെ കുറഞ്ഞത് 10 സെന്റ് ഭൂമി വീതം കണ്ടെത്തി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

പദ്ധതിക്ക് തുടക്കം കുറിച്ച് കുടുംബശ്രീ അഗ്രി ന്യൂട്രീൻ പദ്ധതിയായ 'പൊലി' യുടെ ശില്പശാല കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറികളുടെ ഉത്പാദനവും കാർഷികവൃത്തിക്ക് വിപുലമായ പ്രോത്സാഹനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. മണ്ഡലത്തിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പദ്ധതിക്ക് തടസമാകാതിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് സംവിധാനമൊരുക്കും. ഇതിന് ഓരോരുത്തർക്കും മുപ്പതെണ്ണമെന്ന നിലയ്ക്ക് ഏഴര ലക്ഷം ഗ്രോബാഗുകൾ ലഭ്യമാക്കും. ഏറ്റവും നല്ലരീതിയിൽ കൃഷി ചെയ്യുന്ന സി.ഡി.എസിനും എ.ഡി.എസിനും വ്യക്തികൾക്കും കുടുംബശ്രീ ജില്ലാ മിഷൻ കാഷ് പ്രൈസ് ഉൾപ്പെടെ സമ്മാനിക്കും.
അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം.ബി.പ്രീതി പദ്ധതി വിശദീകരിച്ചു. കൃഷി അസി.ഡയറക്ടർ പി.വി.സൂസമ്മ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മായ ഷൈബി ഗോപാലകൃഷ്ണൻ, എം.ബി. രാധാകൃഷ്ണൻ, സി.ഡി.എസ്. എടവനക്കാട് ചെയർപേഴ്‌സൺ ഗിരിജ, ഒ.കെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.