ആലുവ: ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി സുഹൃത്ത് പിടിയിലായതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയ്ക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പൊലീസ് പിടിയിൽ. കീഴ്മാട് ഡോൺ ബോസ്കോയ്ക്ക് സമീപം താമസിക്കുന്ന രാഹുൽ (35)നെയാണ് ആലുവ സി.ഐ എൽ. അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22ന് കുട്ടമശേരി സൂര്യാനഗറിൽ കോതേലിപ്പറമ്പിൽ സുധീഷിന്റെ (36) വീട്ടിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എ, 350 ഗ്രാം ഹാശിഷ്, ഒന്നര കിലോ കഞ്ചാവ്, നാല് വടിവാൾ എന്നിവ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്നാണ് സുധീഷിന്റെ വീട് റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്. ഈ കേസിൽ സുധീഷ് ഇപ്പോഴും റിമാൻഡിലാണ്. സുധീഷ് പിടിയിലായത് വീട്ടമ്മയുടെ പരാതിയെ തുടർന്നാണെന്ന് ധരിച്ചാണ് രാഹുൽ ഭീഷണി മുഴക്കിയതെന്നാണ് പരാതി.

സുധീഷിന്റെ സുഹൃത്താണ് ഇപ്പോൾ പിടിയിലായ രാഹുൽ. സുധീഷ് റിമാൻഡിലായി ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് അയൽവാസിയായ ബിന്ദു എന്ന സ്ത്രീക്ക് നേരെ രാഹുലിന്റെ വധഭീഷണിയുണ്ടാത്. തുടർന്ന് ആലുവ പൊലീസിൽ പ്രതിയെത്തിയ വാഹനത്തിന്റെ നമ്പർ സഹിതം ബിന്ദു പരാതി നൽകി. എടത്തല സി.ഐ പി.ജെ. നോബിളിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മുമ്പും സുധീഷിനെതിരെ യുവതി പരാതി നൽകിയിരുന്നു.