a

 സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തത് ആറരമണിക്കൂർ

കൊച്ചി: ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിന് വിദേശസഹായം സ്വീകരിച്ചതിലെ നിയമലംഘനവും അഴിമതിയും സംബന്ധിച്ച കേസിൽ സ്വർണക്ക‌ടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സി.ബി.ഐ ആറരമണിക്കൂർ ചോദ്യംചെയ്തു. 21ന് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ സന്ദീപ് നായരെ 19ന് ചോദ്യം ചെയ്യും.

ഇന്നലെ രാവിലെ 11ന് കൊച്ചിയിലെ സി.ബി.ഐ ഓഫീസിലെത്തിയ സ്വപ്‌നയെ വൈകിട്ട് 5.30 വരെയാണ് ഇൻസ്‌പെക്ടർ എസ്.എസ്.ചൗഹാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ഫ്ളാറ്റ് നിർമ്മാണത്തിന് റെഡ് ക്രെസന്റ് പണം നൽകിയ രീതി, കരാറിന് പിന്നിൽ പ്രവർത്തിച്ചതാര്, കമ്മിഷൻ ലഭിച്ചത് ആർക്കെല്ലാം എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചു.

വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് പണിയാൻ യു.എ.ഇ കോൺസുലേറ്റുവഴി 18.50 കോടിരൂപ റെഡ് ക്രെസന്റ് നൽകിയിരുന്നു. 4.48 കോടി കോൺസൽ ജനറൽ ഓഫീസ് ജീവനക്കാരിയായിരുന്ന സ്വപ്‌നയ്ക്ക് കമ്മിഷനായി നൽകിയെന്ന് കരാറുകാരായ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ നേരത്തെ മൊഴിനൽകിയിരുന്നു. ലൈഫ് പദ്ധതിക്ക് സഹായം സ്വീകരിച്ചത് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചാണെന്നും സംഭാവനയായി ലഭിച്ച പണം കമ്മിഷനായി നൽകിയതിൽ അഴിമതിയുണ്ടെന്നുമാണ് സി.ബി.ഐ കേസ്.

തീരുമാനം ക്ളിഫ് ഹൗസിലെന്ന് സ്വപ്ന

വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ കരാർ സന്തോഷ് ഈപ്പന് നൽകാൻ ക്ളിഫ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചതെന്ന് സ്വപ്‌ന സുരേഷ് ചോദ്യംചെയ്യലിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി, യു.എ.ഇ കോൺസൽ ജനറൽ, എം.ശിവശങ്കർ എന്നിവർക്കൊപ്പം താനും യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് രാത്രി ഏഴിനുശേഷമാണ് യോഗം ചേർന്നതെന്നും സ്വപ്‌ന പറഞ്ഞു.