വൈപ്പിൻ: അതിരൂക്ഷമായ കടലാക്രമണവും കാലവർഷക്കെടുതിയും മൂലം ദുരിതം അനുഭവിക്കുന്ന വൈപ്പിൻ കരയിലെ തീരദേശ മേഖലയിൽപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് ആർ.എസ്.പി. വൈപ്പിൻ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

വൈപ്പിനിലെ ഉൾനാടൻ മേഖലയിലെ പുഴയോരങ്ങളെ ആശ്രയിച്ച് ജീവിതം കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികൾക്ക് കായലിൽ പോളപ്പായലും ചെളിയും എക്കലും മൂലം മത്സ്യബന്ധനം നടത്താൻ കഴിയാതെ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായിരിക്കുകയാണ്. ഈ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ യോഗം വിളിച്ചു കൂട്ടി ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ തയ്യാറാകണമെന്ന് യോഗം അഭ്യർത്ഥിച്ചു. വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.ടി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുധീർ ബാബു, പി.പി.ബാബു, സി.കെ.ദിലീപ്, പി.എൽ.ഉണ്ണിക്കൃഷ്ണൻ, കെ.ബി.സതി, എൻ.കെ.ഉത്തമൻ, ടി.പി.ദിനേശൻ എന്നിവർ സംസാരിച്ചു.