gym

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങൾക്കും മൂന്നുമാസത്തിനകം കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട് ആക്ട് പ്രകാരം ലൈസൻസ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഗീത, വിനോദ പരിപാടികൾക്കും വിവിധ തരത്തിലുള്ള ഗെയിമുകൾക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന ഹാളുകൾക്കും മറ്റും ലൈസൻസ് നൽകാനാണ് ആക്‌ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങൾക്കും ബാധകമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവിൽ പറയുന്നു. നെയ്യാറ്റിൻകരയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി. ധന്യ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് വിധി.

യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യങ്ങൾ മാറിയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ളവരും ജിംനേഷ്യത്തിൽ പോകുന്നത് അഭിമാനമായി കാണുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തിന് വേണ്ടിയാണ് ഇതെന്നതിനാൽ നല്ല ലക്ഷണമാണ്. എന്നാൽ മതിയായ ലൈസൻസോടെ വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. ലൈസൻസില്ലാതെ ജിം പ്രവർത്തിക്കുന്നോ എന്ന് കണ്ടെത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകണം. ഉണ്ടെന്ന് കണ്ടാൽ മൂന്നുമാസത്തിനകം ലൈസൻസ് എടുക്കണമെന്ന് നോട്ടീസ് നൽകണം. മൂന്നാഴ്‌ചയ്ക്കകം സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.