1
നിരോധനം ലംഘിച്ച് പിടികൂടിയ ചെറിയ മത്സ്യങ്ങൾ

പള്ളുരുത്തി: ട്രോളിംഗ് നിരോധനം നിലനിൽക്കെ സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ വ്യാപകമായി പിടിച്ച് മാർക്കറ്റിൽ എത്തിക്കുന്നതായി പരാതി. ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് പത്ത് സെന്റിമീറ്റർ താഴെ വലിപ്പമുള്ള അയലയും ചാളയും വ്യാപകമായി മാർക്കറ്റിൽ എത്തുന്നത്. ചെറുമത്സ്യങ്ങൾ കിലോയ്ക്ക് ഇരുന്നൂറ് രൂപ നിരക്കിലാണ് വില്പന. ട്രോളിംഗ് നിരോധന കാലയളവിൽ ഇത്തരത്തിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നത്.

ട്രോളിംഗ് നിരോധനമുള്ളതിനാൽ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ഇന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകളാണ് നിരോധിത വലകളുമായി കേരളതീരങ്ങളിൽനിന്ന് ചെറുമത്സ്യങ്ങൾ പിടികൂടുന്നത്. ഇതിനെ ചെറുക്കാൻ തീരങ്ങളിൽ അനധികൃത മത്സ്യബന്ധനം തടയുന്നതിന് കർശന നിരീക്ഷണം നടത്തുന്നുണ്ടെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിഅംഗം പി.വി. വിൽസൻ പറഞ്ഞു. അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.