തൃപ്പൂണിത്തുറ: മുളന്തുരുത്തി, കീച്ചേരി, പൂത്തോട്ട സാമൂഹികരോഗ്യ കേന്ദ്രങ്ങളിൽ സി.എച്ച്.സി പാറ്റേൺ അനുസരിച്ചുള്ള ഡോക്ടർമാരെയും ജീവനക്കാരെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ. മുഖ്യപ്രസംഗം നടത്തി.
2008ൽ പി.എച്ച്.സികൾ സാമൂഹിക കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നെങ്കിലും അധിക ഡോക്ടർമാരെ നിയമിച്ചിരുന്നില്ല. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എട്ട് ഡോക്ടർമാരെ നിയമിക്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ നിലവിൽ രണ്ട് ഡോക്ടർമാരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വലിയ ആരോഗ്യപ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് വലിയ വീഴ്ചയാണെന്നും ഈ വിഷയം സഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അദ്ധ്യക്ഷനായി.
മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോംപോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ചി കുര്യൻ കൊള്ളിനാൽ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാജി മാധവൻ, പി.കെ. പ്രദീപ്, ജൂലിയറ്റ് ടി. ബേബി, മുളന്തുരുത്തി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് മാണി പട്ടശേരിൽ, ബിനി ഷാജി, ഉദയംപേരൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എം.പി. ഷൈമോൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.