തൃപ്പൂണിത്തുറ: ഗ്യാസ് ചോർന്ന് തീ പിടിത്തത്തിൽ അടുക്കളയിലെ ഉപകരണങ്ങൾ കത്തിനശിച്ചു. ചോറ്റാനിക്കര 12-ാം വാർഡ് വാറുള പുത്തൻവീട്ടിൽ നിതിൻ ബാബുവിന്റെ വീട്ടിലെ അടുക്കളയിൽ ഇന്നലെ രാവിലെ 10 മണിയോടെ സിലിണ്ടറിലെ പൊട്ടിയ റഗുലേറ്ററിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് തീ പടരുകയായിരുന്നു. അടുപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള കുഴലിലേയ്ക്കും തീ പടർന്നു. ആളപായമില്ല.

സ്ഥലത്തെത്തിയ മുളന്തുരുത്തി ഫയർ ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി സിലിണ്ടർ പുറത്തേയ്ക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രകാശൻ, ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരായ പ്രദോഷ്, സജീവ്, രതീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.