തൃപ്പൂണിത്തുറ: അമിതമായി മദ്യപിച്ച അന്യസംസ്ഥാന തൊഴിലാളി ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ല് തകർത്തു. ഞായറാഴ്ച്ച രാത്രി ഒമ്പതിന് സംസ്‌കൃത കോളേജിന്റെ മുന്നിലാണ് സംഭവം. പൊലീസ് ക്യാമ്പിലെ മുൻ അസി.കമാൻഡന്റ് അശോക് കുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെയായിരുന്നു ഇയാൾ കല്ലെറിഞ്ഞത്. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശി ആകാശ് കുമാർ(19) നെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റു ചെയ്തു. അമിതമായി മദ്യപിച്ചതിന്റെ ലഹരിയിൽ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ പ്രദേശവാസിയായ ഐ.ടി ജീവനക്കാരൻ രഘുവിന്റെ കാറിന്റെ മുൻ ഗ്ലാസിൽ പോറുകയും കാറിന്റെ നമ്പർ പ്ലേറ്റിന്റെ മുകൾ ഭാഗം പൊട്ടിക്കുകയും ചെയ്തു. ഇവരുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.