മരട്: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അപകടകരമായി താഴ്ന്നു കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യുന്നത്, ഇലക്ട്രിസിറ്റി പോസ്റ്റുകളിൽ കേബിളുകൾ അലക്ഷ്യമായി കെട്ടുന്നത്, വിവിധ ഡിവിഷനുകളിൽ ഇലക്ട്രിസിറ്റി സംബന്ധമായ പരാതികൾ, ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവലയ നിർമ്മാണം എന്നീ വിഷയങ്ങൾ സംബന്ധിച്ച് മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഇന്നലെ ചർച്ച നടന്നു. മരട് ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ കൗൺസിൽ യോഗത്തിൽ വിളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിൽ സബ്ബ് എഞ്ചിനീയർ മനോജ് ചർച്ചയിൽ പങ്കെടുത്ത് പരാതികൾക്ക് മറുപടി നൽകി. മരട് നഗരസഭയിലെ വൈക്കത്തുശ്ശേരി റോഡിൽ കഴിഞ്ഞ ദിവസം അലക്ഷ്യമായി കിടന്ന കേബിളിൽ തട്ടിയുണ്ടായ അപകടത്തെത്തുടർന്ന് അടിയന്തിരമായിത്തന്നെ ഇലക്ട്രിക് പോസ്റ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന കേബിളുകൾ എത്രയും പെട്ടെന്ന് അപകടരഹിതമാക്കുവാനും വിവിധയിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റുകൾ അടിയന്തിരമായി പുന:സ്ഥാപിക്കുവാനും നടപടികൾ സ്വീകരിക്കാമെന്ന് സബ്ബ് എഞ്ചിനീയർ ഉറപ്പു നൽകി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, സി.ആർ.ഷാനവാസ്, ഷീജ സാൻകുമാർ, മുനിസിപ്പൽ എഞ്ചിനീയർ എം.കെ.ബിജു തുടങ്ങിയവരും മുഴുവൻ കൗൺസിലർമാരും മീറ്റിംഗിൽ പങ്കെടുത്തു.