കൊച്ചി: എറണാകുളം കലൂർ മാർക്കറ്റിന് സമീപം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തോപ്പുംപടി പ്യാരി ജംഗ്‌ഷനിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സിറിൾ പ്രൂസിന്റെ മകൻ ക്രിസ്റ്റഫറാണ് (25) മരിച്ചത്. മാർക്കറ്റിന് സമീപത്തെ പെറ്റ്ഷോപ്പിന് മുന്നിലെ പോസ്റ്റിനടുത്ത് വന്നിരുന്ന യുവാവ് കത്തി ഉപയോഗിച്ച് കൈയും കഴുത്തും മുറിക്കുകയായിരുന്നു. തിരക്കുള്ള സമയമായതിനാൽ രക്തംവാർന്ന് യുവാവ് കുഴഞ്ഞുവീണതോടെയാണ് സമീപത്തെ വ്യാപാരികൾ സംഭവം അറിഞ്ഞത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു. ക്രിസ്റ്റഫർ തത്ക്ഷണം മരിച്ചതായി വ്യാപാരികൾ പറഞ്ഞു. പൊലീസെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിലേക്ക് മാറ്റി. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
തന്റെ സുഹൃത്തിനെ കത്തിക്ക് കുത്തിയ ശേഷമാണ് ക്രിസ്റ്റർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അവസാന ദൃശ്യങ്ങൾ
സി.സി ടിവിയിൽ 
കലൂർ മാർക്കറ്റിന് സമീപത്തെ കടഉടമകൾ സ്ഥാപിച്ച സി.സി ടിവിയിൽ യുവാവ് കത്തി ഉപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുന്നതും കഴുത്തറുക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കഴുത്തറുത്ത ഉടനെ യുവാവ് കുഴഞ്ഞുവീഴുന്നതാണ് ദൃശ്യത്തിലുള്ളത്. മരിച്ചതാരാണെന്ന് മണിക്കൂറുകളോളം തിരിച്ചറിഞ്ഞിരുന്നില്ല. നോർത്ത് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ രാത്രി ഒമ്പതരയോടെയാണ് മരിച്ചത് ക്രിസ്റ്റഫറാണെന്ന് തിരിച്ചറിഞ്ഞത്. നോർത്ത് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. അവർ എത്തിയാണ് സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെയാണ് കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതെന്നും വിഷാദമോ മറ്റു മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.