കൊച്ചി: തമ്മനം–പുല്ലേപ്പടി റോഡ് വികസനത്തിന് 9.11 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. കണയന്നൂർ താലൂക്കിലെ പൂണിത്തുറ, എളംകുളം, എറണാകുളം, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുക്കുക. റോഡ് വികസനത്തിനുള്ള പ്രധാന കടമ്പ ഇതോടെ മറികടന്നു. 74 സർവേ നമ്പറുകളിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് റവന്യു വകുപ്പ് കളക്ടർക്ക് അനുമതി നൽകിയത്.
8.13 ഏക്കർ ഭൂമി ഇതിനകം റോഡ് വികസനത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 2.97 ഏക്കർ പൊതുജനം സൗജന്യമായി വിട്ടുനൽകിയതാണ്. അവശേഷിച്ച ഭൂമി ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കാനായി കിഫ്ബി 93.89 കോടി രൂപ അനുവദിച്ചിരുന്നു.
ദേശീയ പാത 66ലെ ചക്കരപ്പറമ്പ് മുതൽ എംജി റോഡ് പത്മ ജംഗ്ഷൻ വരെ നീളുന്ന 3.68 കിമീ റോഡാണ് നാലുവരി പാതയായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്. കോർപ്പറേഷന്റെ കൈവശമുണ്ടായിരുന്ന സ്ഥലം റോഡ് വികസനത്തിന് പൊതുമരാമത്ത് വകുപ്പിനു കൈമാറാൻ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കെ.ആർ.എഫ്.ബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
മാർക്കിംഗ് പൂർത്തീകരിച്ചു
എറണാകുളം, എളംകുളം വില്ലേജുകളിൽ സൗജന്യമായി ലഭിച്ചതും ഏറ്റെടുത്തതുമായ ഭൂമി കോർപ്പറേഷനും കെ.ആർ.എഫ്.ബിയും റവന്യു വകുപ്പും ചേർന്ന് പരിശോധിച്ച് പെക് മാർക്കിംഗ് പൂർത്തീകരിച്ചു. പൂണിത്തുറ വില്ലേജിലെ പെക് മാർക്കിംഗ് 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഒരു മാസത്തിനുശേഷം തമ്മനം–പല്ലേപ്പടി റോഡിന്റെ റിവ്യൂ വീണ്ടും നടത്തും.
ഫ്ളൈഓവറിന് സ്ഥലം വിട്ടുകൊടുക്കുന്നവരെ
പുനരധിവസിപ്പിക്കും
റോഡിനായി സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ടവരെ അറ്റ്‌ലാന്റിസ് മേൽപ്പാലത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമാണപ്രവർത്തനം കഴിഞ്ഞ് ബാക്കിയുള്ളിടത്ത് പുനരധിവസിപ്പിക്കാൻ പദ്ധതി തയാറാക്കാൻ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റിവ്യു യോഗം തീരുമാനിച്ചു. കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി പാലം നിർമാണത്തിനായി ആർ.ബി.ഡി.സി.കെയ്ക്ക് കൈമാറും. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും വടുതല ഫ്ളൈഓവർ ഭൂമി ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കും.
കാലവർഷത്തിനുശേഷം മുല്ലശേരി കനാലിലെ കുടിവെള്ളക്കുഴലുകളും സ്വീവേജ് ലൈനുകളും മാറ്റി നവീകരണം പൂർത്തിയാക്കും. ഇതിനായി കോർപ്പറേഷൻ മൂന്നകോടി രൂപ കെട്ടിവച്ചിട്ടുണ്ട്. എന്നാൽ, ഒരുകോടി രൂപകൂടി ആവശ്യമാണെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും യോഗത്തിൽ പങ്കെടുത്തു.