കോലഞ്ചേരി: ശൗചാലയ മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയ മാമലയിലെ ലോഡ്ജ് ആരോഗ്യവിഭാഗം അടപ്പിച്ചു. മതിയായ മാലിന്യ സംസ്കരണ സംവിധാനമില്ലാതെ 25 അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസം ഒരുക്കിയ മാമല ജംഗ്ഷനിലെ ലോഡ്ജാണ് അടപ്പിച്ചത്.
കഴിഞ്ഞ ദിവസം ജംഗ്ഷനിലെ ഓടയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ജനപ്രതിനിധികളോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് തിരുവാണിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശപ്രകാരമാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ലോഡ്ജിൽ പരിശോധന നടത്തിയത്. ലോഡ്ജിൽ നിന്ന് രഹസ്യമായി പുറത്തേക്ക് ഒഴുക്കിയ ശൗചാലയ മാലിന്യമാണ് ദുർഗന്ധമുണ്ടാക്കിയതെന്ന് കണ്ടെത്തി. ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് നിറയുമ്പോൾ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതാണ് പതിവ്. പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അറിയിച്ചു.