പെരുമ്പാവൂർ: ഇസ്ലാമിക സൂഫി തീർഥാടന കേന്ദ്രമായ മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ ദർഗാ ശരീഫിലെ 5-0ാം ആണ്ട് നേർച്ചയ്ക്ക് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മക്കാം സിയാറത്തോടെ തുടക്കം കുറിക്കും. രണ്ടുദിവസമായി നടക്കുന്ന ആണ്ട് നേർച്ചയ്ക്ക് പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരും ഉലമാക്കളും നേതൃത്വം നൽകും. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന മക്കാം സിയാറത്തിന് മുടിക്കൽ ചീഫ് ഇമാം ഹാഫിള് അബ്ദുറഹ്‌മാൻ നൂറാനി മമ്പീതി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സ്വലാത്തിന് എടയപ്പുറം ജുമാ മസ്ജിദ് ഇമാം അഷ്റഫ് ഹുദവി നേതൃത്വം വഹിക്കും. രാത്രി 7ന് അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ യുവ ഇസ്ലാമിക പണ്ഡിതൻ അൻവർ മുഹിയുദ്ദീൻ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി 9ന് ഖുത്തുബയ്യത്തിന് നാട്ടിക ഉമർ ഹാജി നേതൃത്വം നൽകും. വ്യാഴാഴ്ച രാവിലെ 6.30 മുതൽ ഖത്തമുൽ ഖുർആൻ, മൗലൂദ് പാരായണം, ദിക്കർ ഹൽഖ എന്നിവയ്ക്ക് മുടിക്കൽ ജുമാമസ്ജിദ് ഇമാം അലി ബാഖവി, ഉസ്മാൻ ചെറുവട്ടൂർ എന്നിവർ നേതൃത്വം കൊടുക്കും. ഉച്ചയ്ക്ക് 12ന് കൂട്ട പ്രാർത്ഥനക്ക് തിരുവനന്തപുരം ബീമാപള്ളി ഇമാം അസയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി നേതൃത്വം കൊടുക്കുകയും അന്നദാന വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്യുമെന്ന് ആണ്ട് നേർച്ച കമ്മിറ്റി ചെയർമാൻ എം.എ. മൻസൂർ ഹാജി മാടവന അറിയിച്ചു.