കോലഞ്ചേരി: പട്ടിമറ്റം ടൗണിലെ റോഡുകൾ തകർന്നു. കവലയിൽ എത്തുന്ന യാത്രക്കാർ ശ്രദ്ധയോടെ നടന്നില്ലെങ്കിൽ റോഡിലെ കുഴിയിൽപ്പെടുമെന്നതിൽ സംശയമില്ല. കോലഞ്ചേരി, പത്താംമൈൽ റോഡും മൂവാ​റ്റുപുഴ നെല്ലാട് റോഡും ജംഗ്ഷനിൽ സംഗമിക്കുന്ന ഭാഗത്ത് കുഴികൾ ആഴത്തിലായത് ഗതാഗതക്കുരുക്കും രൂക്ഷമാക്കി. എറണാകുളത്തേക്കുള്ള ബസ് സ്​റ്റോപ്പിനു സമീപവും കുഴികൾക്ക് കുറവില്ല. മഴപെയ്യുമ്പോൾ വെള്ളക്കെട്ടുമൂലം കുഴികാണാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. കുഴിയായ ഭാഗത്തെ റോഡിലെ മെ​റ്റൽ ഇളകിത്തെറിച്ചും യാത്രക്കാർക്ക് പരിക്കേൽക്കാറുണ്ട്. ജംഗ്ഷനിൽത്തന്നെ ഒന്നര അടിയോളം താഴ്ചയുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കും സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ ദേഹത്തും തെറിക്കുന്നതും പതിവാണ്. റോഡുകളുടെ തകർച്ച നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയായില്ല. അധികൃതരുടെ അലംഭാവത്തിൽ പട്ടിമ​റ്റം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. ജനറൽ സെക്രട്ടറി ടി.പി. അസൈനാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി. ഗോപാലൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ വി.ജി. ബിനുകുമാർ, എൻ.പി.ബാജി, ടി.വി. ബാബുരാജ്, കെ.എ.അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.