കൊച്ചി: കലൂർ സ്റ്റേഡിയം ലിങ്ക് റോഡിന്റെ പേര് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറച്ചൻ റോഡ് എന്നാക്കി മാറ്റുന്നതു ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. സ്റ്റേഡിയം ലിങ്ക് റോഡിന്റെ പേരുമാറ്റത്തിനെതിരെ കലൂരിലെ ഫെഡറേഷൻ ഒഫ് ഹൗസിംഗ് സൊസൈറ്റീസ് ആൻഡ് കൊമേഴ്‌സ്യൽ ബിൽഡിംഗ് ഓണേഴ്‌സ് ഒഫ് സ്റ്റേഡിയം ലിങ്ക് റോഡ് എന്ന സൊസൈറ്റി നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. കലൂർ സ്റ്റേഡിയം മുതൽ കതൃക്കടവ് - തമ്മനം റോഡുവരെയുള്ള പാതയാണ് സ്റ്റേഡിയം ലിങ്ക് റോഡ് എന്നറിയപ്പെടുന്നത്. റോഡിന്റെ പേരു മാറുന്നതോടെ ഇവിടത്തെ താമസക്കാരുടെ ആധാർ, പാൻകാർഡ്, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകളിലൊക്കെ മാറ്റം വരുത്തേണ്ടിവരും. ഇതു ഭീമമായ ചെലവ് വരുത്തുമെന്നും ഹർജിക്കാർ ആരോപിക്കുന്നു.