
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആർ.എസ്.എസ് വിരോധം പൊയ്‌മുഖമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു. സതീശൻ 2006ൽ പങ്കെടുത്തത് ആർ.എസ്.എസ് പരിപാടിയിൽ തന്നെയാണ്. 2001ൽ സതീശൻ ആർ.എസ്.എസിനോട് വോട്ടുചോദിച്ചിരുന്നു. സതീശൻ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ പച്ചക്കള്ളമാണ്.
എറണാകുളത്തെ പ്രമുഖ ആർ.എസ്.എസ് നേതാവിനെ കണ്ടാണ് 2001ലെ തിരഞ്ഞെടുപ്പിൽ സതീശൻ സഹായം തേടിയത്. ഒരു വർഗീയവാദിയുടെയും വോട്ട് നേടിയില്ലെന്ന് സതീശൻ പറയുന്നു. കോൺഗ്രസും ആർ.എസ്.എസും പരസ്പരം വോട്ട് ചോദിക്കുന്നത് യാഥാർത്ഥ്യമാണ്. കോലീബി സഖ്യം പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. സതീശന്റെ സ്ഥാപിത താത്പര്യങ്ങളെ എതിർത്ത് തുടങ്ങിയപ്പോഴാണ് സംഘപരിവാർ ശത്രുക്കളായി മാറിയത്.
ആർ.എസ്.എസിനോട് പടവെട്ടിയാണ് വളർന്നതെന്ന സതീശന്റെ പ്രസ്താവന പരിഹാസ്യമാണ്. 2006ലെ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോ വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ. സതീശനെതിരെ ആരോപണം ഉന്നയിച്ച തന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്താണെന്ന് സതീശൻ വെളിപ്പെടുത്തണമെന്നും ബാബു പറഞ്ഞു.