തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷകളും ഹർജികളും ഫയലുകളുമടക്കം അപ്രത്യക്ഷമാകുന്നത് പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു. നഗരസഭയിൽ കുട്ടിച്ചാത്തന്റെ ശല്യമുണ്ടോയെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്
ഒരേ അപേക്ഷകൾ ഒന്നിലേറെത്തവണ എഴുതി സമർപ്പിക്കേണ്ട ഗതികേടിലാണ് നഗരസഭ നിവാസികൾ.അപേക്ഷകൾക്കെല്ലാം ജനസേവന കേന്ദ്രത്തിൽ നിന്നും കൃത്യമായി രസീത് നൽകാറുണ്ട് എന്നാൽ പരാതികളിൽ തീർപ്പ് തേടിയെത്തുമ്പോൾ ഫയൽ കാണാനില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്നും ലഭിക്കുക. കൈപ്പറ്റിയ രസീത് കാണിക്കുമ്പോൾ അപേക്ഷ എവിടെയാണെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം, നൽകിയിട്ടുണ്ടെന്ന് പറഞ്ഞാൽ കിട്ടിയില്ലെന്ന് മറുപടി.എൻജിനിയറിങ് - റവന്യൂ വിഭാഗങ്ങളിൽ നിന്നുമാണ് പ്രധാനമായും ഫയലുകൾ കാണാതാവുന്നത്. തെങ്ങോട് നഗരസഭാ സ്ഥാപിച്ച വനിതാ വ്യവസായ പാർക്കിന്റെ ആധാരം കഴിഞ്ഞ ദിവസം കാണാതായിരുന്നു. വിവാദമായതോടെ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ ഫയൽ കണ്ടെടുക്കുകയും ചെയ്തു..കമ്മ്യൂണിറ്റിഹാൾ,മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സുകൾ,മാർക്കറ്റ് മുതലായയുടെ രേഖകളും കാണാതായിട്ടുണ്ട്. നഗരസഭാ വർഷാവർഷം ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഈ സ്ഥലങ്ങൾ നഗരസഭയുടേതാണെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും നഗരസഭയിലില്ല.
# ഫയലുകൾ നീക്കുന്നത് കാരാറുകാരും,ഏജന്റുമാരും
നഗരസഭയിൽ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട ഫയലുകൾ ഏജന്റുമാർ കൈയ്യടക്കുന്നതായി ആരോപണമുണ്ട്.ഒരുവിഭാഗം കരാറുകാരും,ഏജന്റുമാരും നഗരസഭയുടെ അലമാരകളിൽ നിന്നുമടക്കം ഫയലുകൾ എടുക്കുന്നുണ്ട്. ഇവരിൽ ചിലർ സാമ്പത്തിക താല്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് അഞ്ചിന് ശേഷവും ചില ഏജന്റുമാർ നഗരസഭയിൽ കറങ്ങിനടക്കുന്നുണ്ട്.ഇവരെ എതിർക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങൾ വരെ നഅരങ്ങേറിയിട്ടുണ്ട്.
# ഫയലുകൾ വക്കാൻ സ്ഥലമില്ല
സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭയായ തൃക്കാക്കരയിൽ എൻജിനിയറിംഗ് ,റവന്യു, ആരോഗ്യം മുതലായ വിഭാഗങ്ങളിൽ ഫയലുകൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലമില്ല. ഫയലുകൾ സൂക്ഷിക്കുന്നതിനായി റാക്കുകൾ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
# ഫയലുകൾ കണ്ടെത്താൻ നടപടി സ്വീകരിച്ചു
ബി.അനിൽകുമാർ
മുൻസിപ്പൽ സെക്രട്ടറി
കാണാതായ ഫയലുകൾ കണ്ടെത്താൻ ബന്ധപ്പെട്ട് വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഇരുപതിന് മുമ്പ് ആഭ്യന്തര അന്വേഷണം നടത്തി ഫയലുകൾ കണ്ടെത്തണമെന്നും നിർദേശിച്ചു.നഗരസഭയുടെ പേരിലുളള ആസ്തിവകകളുടെ രേഖകൾ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.