കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശകസമിതി രൂപീകരണം ആകെ അലങ്കോലം. പട്ടികയിൽനിന്ന് കൊച്ചി രാജകുടുംബ പ്രതിനിധികളിൽ നാലുപേർ ഒഴിവായതായി സൂചന. സി.പി.എമ്മുമായുള്ള തർക്കത്തെത്തുടർന്ന് രണ്ട് സി.പി.ഐ പ്രതിനിധികളും ഒഴിവായേക്കും.
19 അംഗ ഉപദേശകസമിതിയെ തിരഞ്ഞെടുക്കാൻ ജൂൺ 11നാണ് യോഗംചേർന്നത്. സമവായത്തിലെത്താൻ സാധിക്കാത്തതിനാൽ 29 പേരുടെ പട്ടിക കൊച്ചിൻ ദേവസ്വം ബോർഡിന് സമർപ്പിച്ചു. പട്ടിക പലവട്ടം ഇതിനിടെ തിരുത്തിയെഴുതി. അവസാന പട്ടികയ്ക്ക് ഇന്നത്തെ ബോർഡ് യോഗത്തിൽ അംഗീകാരം നൽകിയേക്കും. ഈ പട്ടികയിൽനിന്ന് ഒഴിവായ രാജകുടുംബപ്രതിനിധികളായ നാലുപേർക്ക് പകരം രാജകുടുംബത്തിലെ പുതിയ ഒരാളെ ചട്ടം ലംഘിച്ച് ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാരമ്പര്യ അവകാശിയായ ഓതിക്കനും ഇക്കുറി ഉണ്ടാകാനിടയില്ല.
സി.പി.എം ഏരിയാ കമ്മിറ്റിയുടെ താത്പപര്യത്തിനനുസരിച്ചാണ് ക്ഷേത്രത്തിലെ ഉപദേശക സമിതിക്ക് രൂപം നൽകാറുള്ളത്. സമിതിയിൽ ചന്ദ്രശേഖരൻ, മുൻ മുനിസിപ്പൽ കൗൺസിലർമാരായ ശശി വെളളക്കാട്ട്, പങ്കജാക്ഷൻ എന്നിവരെ ഉൾപ്പെടുത്തണമെന്നായിരുന്നു സി.പി.ഐ ഡിമാൻഡ്. പങ്കജാക്ഷനെ സി.പി.എം അംഗീകരിച്ചില്ല. സമവായചർച്ചകളും ഫലംകണ്ടില്ല. പങ്കജാക്ഷൻ ഇല്ലാത്ത പട്ടിക പ്രഖ്യാപിച്ചാൽ സി.പി.ഐ പ്രതിനിധികൾ രാജിവയ്ക്കുമെന്നാണ് വിവരം.
താമരംകുളങ്ങര ബ്രാഞ്ച് സെക്രട്ടറി എസ്. ഹരി പ്രസിഡന്റും സജീവ പാർട്ടി പ്രവർത്തകനായ ആർ.വി. വാസുദേവൻ സെക്രട്ടറിയുമാകാനാണ് ഇപ്പോൾ ധാരണ. 29 അംഗ ലിസ്റ്റിലുള്ള മുൻ പ്രസിഡന്റ് പ്രകാശ് അയ്യർ അംഗമായി തുടർന്നേക്കും. മുൻസെക്രട്ടറി കൃഷ്ണകുമാർ ഇക്കുറി ഇല്ല.
ക്ഷേത്രത്തിലെ സ്വർണനെറ്റിപ്പട്ടം ഉരുക്കിയ സമയത്ത് മുൻ ഉപദേശക സമിതിയായ പൂർണത്രയീശ സേവാസംഘത്തിൽ കമ്മിറ്റിഅംഗങ്ങളായിരുന്നവർ പുതിയ ഭാരവാഹികൾ ആകുന്നത് നിയമപ്രശ്നങ്ങളിലേക്കും നയിച്ചേക്കുമെന്നാണ് വിവരം.