വൈപ്പിൻ: വൈപ്പിൻ ദ്വീപിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ കൊച്ചി നഗര പ്രവേശനം സംബന്ധിച്ച നാറ്റ്പാക് റിപ്പോർട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തു. റിപ്പോർട്ട് സ്വാഗതം ചെയ്ത മന്ത്രി ബസുകളുടെ നഗരപ്രവേശനത്തെ അനുകൂലിച്ചു. തുടർനടപടികൾ ഉടൻ കൈക്കൊള്ളാൻ നിർദ്ദേശം നൽകി. ഈ മാസം 30നകം റിപ്പോർട്ട് നൽകാനും നിയമോപദേശം തേടാനും ഗതാഗത സെക്രട്ടറിയേയും മന്ത്രി നിയോഗിച്ചു.
കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം ചേർന്നത്. വൈപ്പിൻ ദ്വീപ് ജനതയുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ് ബസുകളുടെ നഗര പ്രവേശനമെന്ന് നാറ്റ്പാക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം അവതരിപ്പിച്ച കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചൂണ്ടിക്കാട്ടി.
നിലവിൽ വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസുകൾ നഗര കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാതെ ഹൈക്കോർട്ട് ജംഗ്ഷനിൽ സർവ്വീസ് അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസുകളുടെ നഗരപ്രവേശനം അനുവദിക്കണമെന്ന ജനങ്ങളുടെ വ്യാപകമായ ആവശ്യം കണക്കിലെടുത്ത് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) വിശദമായ വിദഗ്ദ്ധ പഠനം നടത്തിയത്.
ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കമ്മീഷണർ എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി കമ്മീഷണർ ഷാജി മാധവൻ, നാറ്റ്പാക് ഡയറക്ടർ ഡോ.സാംസൺ മാത്യു എന്നിവരുൾപ്പെടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.