മൂവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മുഴുവൻ വീടുകളിലും കൂടി വെള്ളം എത്തിക്കുന്ന അമ്യത് പദ്ധതിക്ക് 6.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.
പൈപ്പുകൾ പൊട്ടി ജലവിതരണം താറുമാറായതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായിരുന്നത്. നിരവധി സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് പതിവായിരുന്നു. ഇത്തരം പൊട്ടിയ പൈപ്പുകൾ പൂർണ്ണമായി മാറ്റുന്നതോടെ കുടിവെള്ള വിതരണം സുലഭമാകും. മെയിന്റനൻസ് വർക്കുകൾ പൂർത്തിയാക്കുന്നതോടെ ഉയർന്ന പ്രദേശങ്ങളിലെ നിലവിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
പുതിയ കുടിവെള്ള കണക്ഷൻ , പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, മെയിന്റനൻസ് വർക്കുകൾ, ജല വിതരണ പദ്ധതികളുടെ വിപുലീകരണം എന്നിവയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നതന്ന് മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. പദ്ധതി നടപ്പിൽ വരുന്നതോടെ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകളിലും യഥേഷ്ടം കുടിവെള്ളം എത്തും.