ഗുരുദേവ പ്രതിമയെ അവഹേളിക്കൽ: എസ്.എൻ.ജംഗ്ഷൻ പ്രതിഷേധക്കടലായി
തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവന്റെ പേരിൽ വ്യാജ പണപ്പിരിവ് നടത്തുകയും ഗുരുദേവ പ്രതിമയെ അവഹേളിക്കുകയും ചെയ്തവർക്ക് മാപ്പുനൽകുന്ന പ്രശ്നമില്ലെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പറഞ്ഞു.
അർദ്ധരാത്രി ആരുമറിയാതെ കടമുറിയിൽ പ്രതിഷ്ഠിക്കാൻ പെട്ടിവണ്ടിയിൽക്കിടത്തി ഗുരുദേവവിഗ്രഹം കൊണ്ടുവന്ന സംഭവത്തിൽ പ്രതിഷേധിക്കാൻ എസ്.എൻ.ജംഗ്ഷനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017ൽ രജിസ്റ്റർചെയ്ത വിമതസംഘടനയോട് എസ്.എൻ ജംഗ്ഷനിൽ ശ്രീനാരായണ ഗുരുദേവന്റെ ഒരു വിഗ്രഹംമാത്രം മതിയെന്ന് പലവട്ടം അഭ്യർത്ഥിച്ച് സന്ധിസംഭാഷണത്തിന് ശ്രമിച്ചിട്ടും കൂട്ടാക്കാതെ അനധികൃതമായി വൻതുകപിരിച്ച് ഗുരുദേവനെ പണസമ്പാദനത്തിനുള്ള ഉപാധിയായി മാറ്റി. കപട ഗുരുഭക്തരുടെ പ്രതിഷ്ഠാകർമ്മം നടക്കാൻ പോകുന്നില്ല. ഗുരു ഭക്തനായ ചെട്ടുപറമ്പിൽ കരുണാകരൻ നൽകിയ ഭൂമിയിൽ മൂന്നുനിലയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം ചിങ്ങമാസത്തിൽ നടത്തുമെന്നും ചതയദിന ആഘോഷവും ജയന്തിറാലിയും ഇവിടെനിന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ മേഖലയിലെ 22 ശാഖകൾ ചേർന്ന കോ ഓർഡിനേഷൻ കമ്മിറ്റിയാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്. ഈ ശാഖകളിലെ നൂറുകണക്കിന് പ്രവർത്തകരും ഭാരവാഹികളും പ്രതിഷേധച്ചടങ്ങിൽ പങ്കെടുത്തു. കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ മേഖല കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എൽ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ ടി.കെ. പത്മനാഭൻ, കെ.കെ .മാധവൻ, കെ.പി. ശിവദാസ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു. എരൂർ സൗത്ത് ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.