കൊച്ചി: എറണാകുളം സ്വദേശിനി സംഗീത ആത്മഹത്യചെയ്ത കേസിൽ ഭർത്താവ് കുന്നംകുളം പഴഞ്ഞി കണ്ടിരുത്തിവീട്ടിൽ കെ.സി. സുമേഷ് (32), ഭർതൃമാതാവ് ടി.കെ. രമണി (56), ഭർതൃ സഹോദരന്റെ ഭാര്യ എ.എം. മനീഷ (24) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.

ജൂൺ ഒന്നിന് രാത്രിയാണ് ഹൈക്കോടതിക്ക് സമീപത്തെ പുറമ്പോക്കിലെ സ്വവസതിയിൽ സംഗീത ആത്മഹത്യചെയ്തത്. പൊലീസിൽ പരാതി നൽകി 42 ദിവസം പിന്നിട്ടിട്ടും നടപടി ഇഴയുകയാണെന്നും പൊലീസ് കടുത്ത നിസംഗത പുലർത്തുന്നതായും സംഗീതയുടെ കുടുംബം കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ഊർജിതമാക്കിയത്.

സുമേഷിന്റെയും സംഗീതയുടെയും വിവാഹം കഴിഞ്ഞഅന്നുമുതൽ ജാതിയുടേയും സ്ത്രീധനത്തിന്റെയും പേരിൽ പീഡനം പതിവായിരുന്നുവെന്നുവെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ ആരോപണം. താഴ്ന്ന ജാതിയെന്ന് ആക്ഷേപിച്ച് ഭർത്താവിന്റെ വീട്ടിൽ കസേരയിൽ ഇരിക്കാൻപോലും അനുവദിച്ചിരുന്നില്ല. സംഗീത ഭക്ഷണംകഴിക്കുന്ന പാത്രങ്ങൾ ആരും ഉപയോഗിക്കാതിരിക്കാൻ മാറ്റിവച്ചു.

അറപ്പുളവാക്കുന്ന വാക്കുകൾ പറഞ്ഞ് അപമാനിക്കുന്നത് പതിവായിരുന്നു. പലതവണ വീട്ടിൽനിന്ന് ഇറക്കിവിടുകയും പുറത്തുനിറുത്തുകയും ചെയ്തിരുന്നതായുള്ള കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

എറണാകുളം ബ്രോഡ്‌വേയിൽ തുണിക്കട നടത്തുകയാണ് സുമേഷ്. മരിക്കുന്നതിന്റെ തലേദിവസം സംഗീത സുമേഷിനെ കാണാൻ കടയിൽ പോയിരുന്നു. തരാനുള്ള സ്ത്രീധനം തരാമെന്ന് വാക്കുനൽകി. സ്ത്രീധനംതന്നുതീർക്കാതെയും വീട്ടുകാർവന്ന് കാലുപിടിക്കാതെയും തനിക്ക് കൂടെ ജീവിക്കാൻ താത്പര്യമില്ലെന്നായിരുന്നു സുമേഷിന്റെ മറുപടി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി അറിയിച്ചെങ്കിലും പൊലീസ് മുഖവിലയ്ക്കെടുത്തില്ല.

കുടുംബത്തെ വിളിച്ചുവരുത്തി മടക്കിവിടുകയും അടുത്തദിവസം രാവിലെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാവിലെ സ്റ്റേഷനിൽ രണ്ടുപേരെയും വിളിപ്പിച്ച പൊലീസ് കാര്യമായ നടപടിയോ പരിഹാരമോ ഒന്നും കാണാതെ പെൺകുട്ടിയെ വീട്ടിലാക്കാൻ നിർദേശിച്ചു. പിന്നാലെയാണ് സംഗീത ആത്മഹത്യ ചെയ്തത്.