
കൊച്ചി: മീൻകൊതിയൻമാർക്ക് ആശ്വാസവാർത്ത! കടൽവെള്ളം ചൂടാകുന്ന 'എൽനിനോ' പ്രതിഭാസം മൂലം കേരള തീരംവിട്ട് അന്യസംസ്ഥാനത്തേക്ക് കുടിയേറിയ മത്തി (ചാള) വരും വർഷങ്ങളിൽ തിരിച്ചെത്തും. പ്രജനനകാലമായതിനാൽ കോടിക്കണക്കിന് ചാളക്കുഞ്ഞുങ്ങൾ കേരളത്തീരത്ത് ജനിച്ചിട്ടുണ്ടെന്നും ഇവയെ പിടിക്കാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത കാട്ടിയാൽ വരുംവർഷങ്ങളിൽ മത്തി ലഭ്യത വർദ്ധിക്കുമെന്നും മത്സ്യഗവേഷകർ പറയുന്നു.
'മത്തി ഇടയ്ക്കിടെ കേരളം വിട്ട് പോകുന്നതും തിരിച്ചെത്തുന്നതും പതിവാണ്. ഇപ്പോഴുള്ള മത്തിക്കുഞ്ഞുങ്ങളെ പിടിക്കാതെ വളരാൻ അനുവദിച്ചാൽ അടുത്ത വർഷങ്ങളിൽ മത്തി പെരുകും. ട്രോളിംഗ് നിരോധനകാലത്ത് 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള മത്സ്യങ്ങൾ പിടിക്കുന്നത് നിയമവിരുദ്ധമാണ്. 10-15 സെന്റിമീറ്റർ വലിപ്പമുള്ളവയെയും ഒഴിവാക്കണമെന്നാണ്' ഗവേഷകർ നിർദ്ദേശിക്കുന്നത്.
2021ൽ വെറും 3,297 ടൺ മത്തിയാണ് കേരളത്തിൽ ലഭിച്ചത്. മുൻവർഷത്തെക്കാൾ 75 ശതമാനം കുറവ്. 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിതെന്ന് കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പറയുന്നു. 1985ൽ മത്തി വൻതോതിൽ കുറഞ്ഞിരുന്നു. ക്രമേണ ലഭ്യത വർദ്ധിച്ചു. 2012ൽ 3.9 ലക്ഷം ടണ്ണെന്ന റെക്കാഡ് കൈവരിച്ചു.
അമ്പമ്പോ, എന്തൊരുവില
ലഭ്യതക്കുറവ് മുതലെടുത്ത് ആന്ധ്രാപ്രദേശ്, കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന 'ലെസർ സാർഡിൻ" മത്തിയുടെ വില കുതിക്കുകയാണ്. കിലോയ്ക്ക് 340- 380 രൂപയാണ് ഇന്നലത്തെ വില. വിലക്കുറവും പോഷകസമൃദ്ധിയുമാണ് മത്തിയെ സാധാരണക്കാരുടെ തീൻമേശയിലെ പ്രധാനിയാക്കിയത്.
മത്തി കുറയാൻ കാരണം
കടൽവെള്ളം ചൂടാകുന്ന 'എൽനിനോ' പ്രതിഭാസം
കടലിലെ കാലാവസ്ഥാ വ്യതിയാനം
മത്സ്യങ്ങളുടെ ഭക്ഷണമായ ആൽഗകൾ കുറയുന്നത്
കടലിൽ മലിനീകരണം വർദ്ധിക്കുന്നത്
മത്തി ലഭ്യത (ടൺ)
2017 -1,27,93
2018 - 77,093
2019 - 44,320
2020 -13,154
2021 - 3,297
ജനകീയ മത്സ്യമായ മത്തിയുടെ കുറവ് മത്സ്യമേഖലയെ ബാധിച്ചു. ചെറുമീനുകളെ പിടിക്കുന്നതിന് തടയണം.
-ചാൾസ് ജോർജ്, പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഐക്യവേദി
പ്രതികൂലവും അസാധാരണവുമായ സാഹചര്യം പരിഗണിച്ച് മത്തിക്കുഞ്ഞുങ്ങളെ പിടിക്കാതിരുന്നാൽ വരും വർഷങ്ങളിൽ ലഭ്യത വർദ്ധിക്കും.
- ഡോ.ടി.എം. നജ്മുദ്ദീൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ