മരട്: നഗരസഭയിലെ 14-ാം ഡിവിഷനിൽ ഹരിത കർമ്മസേനയുടെ ഉന്തുവണ്ടി സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചു. ഡിവിഷനിലെ നിരവത്ത് ഐശ്വര്യ ലെയ്നിൽ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. വർഷങ്ങളായി ഈ സ്ഥലത്ത് തന്നെയാണ് വാഹനം ഉപയോഗശേഷം കൊണ്ടിടുന്നത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കുകൾ, വാഹനത്തിന്റെ രണ്ടു ടയറുകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു.

കഴിഞ്ഞ പുതുവർഷദിനത്തിലും രാത്രിയിൽ സമാനരീതിയിൽ ഈ വാഹനത്തിന് തീവച്ചിരുന്നു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മരട് എസ്.ഐ ആർ.ജഗീഷ്, ഡിവിഷൻ കൗൺസിലർ സി.വി.സന്തോഷ്, സി.ആർ.ഷാനവാസ്, ഉഷ സഹദേവൻ, ഷീജ സാൻകുമാർ, ഹരിതകർമ്മസേന പ്രവർത്തകരായ ജിഷ, രജനി എന്നിവർ സ്ഥലം സന്ദർശിച്ചു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ കാമറകൾ പരിശോധിച്ചശേഷം പരിസരവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.