കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ രാമായണമാസാചാരണവും ഭാവയാമി രഘുരാമം പ്രഭാഷണ പരമ്പരയും ഞായറാഴ്ച വൈകിട്ട് 5.30ന് ചലച്ചിത്രതാരവും നർത്തകിയുമായ ആശാശരത് ഉദ്ഘാടനം ചെയ്യും. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. 31ദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണപരമ്പര ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ഉദ്ഘാടന പ്രഭാഷണത്തോടെ ആരംഭിക്കും. കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരും അദ്ധ്യാത്മിക ആചാര്യൻമാരും രാമായണത്തിലെ വിവിധ വിഷയങ്ങളെ അധികരിച്ച് ദിവസവും വൈകിട്ട് ആറിന് ക്ഷേത്രകൂത്തമ്പലത്തിൽ പ്രഭാഷണം നടത്തും. കർക്കടകം ഒന്നിന് അഭിഭാഷകരുടെ സമർപ്പണമായി പ്രത്യേകം നിറമാലയും വിളക്കുമുണ്ടാകും.
30ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആയുർവേദ വിഭാഗം മേധാവി ഡോ. അരുൺ കൈമളിന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 2 വരെ ക്ഷേത്രാങ്കണത്തിൽ സൗജന്യ ആയുർവേദക്യാമ്പും മരുന്നുവിതരണവും നടത്തും. ആഗസ്റ്റ് 9 ന് എൻ.ടി. കാർത്തികേയൻ നേതൃത്വം നൽകുന്ന പ്രത്യേക അഖണ്ഡ രാമായണ പാരായണയജ്ഞം. 15ന് 1001 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം ചേന്നാസ് ചെറിയ നാരായണൻ നമ്പൂതിരിയുടെയും ഗിരീഷ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടക്കും 16ന് രാമായണമാസാചരണ ചടങ്ങുകൾ സമാപിക്കും.