
വരാപ്പുഴ: 'പശ വച്ചാണോ റോഡുകൾ ഒട്ടിക്കുന്നത്' എന്ന ഹൈക്കോടതി പരാമർശത്തിന് പിന്നാലെ ദേശീയപാത ചേരാനല്ലൂർ, വരാപ്പുഴ ഭാഗങ്ങളിൽ റോഡിലെ കുഴികൾ അടച്ചു തുടങ്ങി. റോഡ് തകർന്ന ഭാഗങ്ങളിൽ മെറ്റൽ ഇട്ട് ടാർ നടത്തി അടയ്ക്കുന്ന താത്കാലിക പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വരാപ്പുഴ പാലത്തിലും സമീപങ്ങളിലുമുള്ള കുഴികളാണ് അറ്റകുപ്പണി നടത്തുന്നത്.
മഴക്കാലം ആരംഭിക്കുന്നതിനു മുൻപേ ദേശീയപാതയിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിരുന്നു. വരാപ്പുഴ പാലത്തിലും എസ്.എൻ.ഡി.പി ജംഗ്ഷനിലും ഇത് സ്ഥിരം ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് മേയ് മാസത്തിൽ കുഴികളിൽ മെറ്റലിട്ട് ടാറിംഗ് നടത്തിയെങ്കിലും തുടർന്നു പെയ്ത മഴയിൽ വീണ്ടും പഴയപടിയായി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് യാത്രികരും നാട്ടുകാരും ആവശ്യം ഉന്നയിച്ചെങ്കിലും മഴയ്ക്കിടെ പണി നടത്താൻ കഴിയില്ലെന്ന കാരണം പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുകയായിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്നാണ് വീണ്ടും കുഴിയടക്കാനുള്ള നടപടിയുണ്ടായത്. ഇപ്പോൾ നടത്തുന്ന താത്കാലിക അറ്റകുറ്റപ്പണിയും മഴയിൽ ഒലിച്ചുപോകുന്ന നിലയിലാണ്.