കൊച്ചി: കലാകാരൻമാരുടെയും ആസ്വാദകരുടെയും ഇഷ്ടഇടമായ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് നവീകരണത്തിന് ഒരുങ്ങുന്നു. ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നിൽ ജി.സി.ഡി.എഅവതരിപ്പിച്ച 73.98 കോടി രൂപയുടെ പദ്ധതികളിലൊന്ന് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ നവീകരണമാണ്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ആണ് പദ്ധതിക്ക് പണം ചെലവഴിക്കുന്നത്. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ ജൂബിലി വർഷത്തിൽ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു മാസം നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷത്തിന് ഡിസംബറിൽ തുടക്കമാകും. ഇതോടനുബന്ധിച്ച് പ്രശസ്തരായ കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും.
ജി.സി.ഡി.എയുടെ അധീനതയിലെ ഒന്നര ഏക്കർ സ്ഥലത്താണ് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സ്ഥിതിചെയ്യുന്നത്. പാർക്കിൽ എപ്പോഴും നല്ല തിരക്കാണ്. വിനോദം, വ്യായാമം, സാംസ്‌കാരിക പ്രവർത്തനം തുടങ്ങി വിവിധ കാര്യങ്ങൾക്കായി നിരവധിപേർ ഇവിടേയ്ക്ക് എത്തുന്നു. കലാപരിപാടികൾ ഇല്ലാത്ത ദിവസങ്ങൾ അപൂർവ്വം. പക്ഷേ, നഗരത്തിലെ ഏറ്റവും തിരക്കുള്ള പാർക്ക് പരാധീനതകളുടെ പിടിയിലാണ്. പതിനഞ്ച് വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ട്. ദീർഘനാളായി പാർക്കിലെ ലൈറ്റുകൾ കത്തുന്നില്ല. കാര്യക്ഷമമായ മാലിന്യ നിർമാർജ്ജന സംവിധാനമില്ല. നടപ്പാതകളിലെ കല്ലുകൾ ഇളകിയ നിലയിലാണ്. പാർക്കിലെത്തുന്നവരെ ഇത് ബുദ്ധിമുട്ടിലാക്കുന്നു. അറ്റകുറ്റപ്പണി നടക്കാത്തതിനാൽ സ്റ്റേജും ഓഫീസും ശോചനീയാവസ്ഥയിലാണ്. ജി.സി.ഡി.എയിൽ നിന്നുള്ള സാമ്പത്തിക സഹായം നിലച്ചത് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാൽ
കെ. ചന്ദ്രൻപിള്ള ചെയർമാനായശേഷം കാര്യങ്ങളിൽ മാറ്റംവന്നു. അരലക്ഷം രൂപ പ്രതിമാസ അലവൻസായി അനുവദിച്ചിട്ടുണ്ട്.
സാംസ്കാരക ലോകത്തിന്
പ്രതീക്ഷ
ആജീവനാന്ത അംഗത്വത്തിന് 3000 രൂപയാണ് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഈടാക്കുന്നത്. ഇതാണ് സാംസ്‌കാരിക കേന്ദ്രത്തിന് ആകെയുള്ള വരുമാനം. 2400 അംഗങ്ങളാണുള്ളത്. ഡീസൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ചെലവാകുന്ന തുക മാത്രമാണ് കലാപരിപാടികളുടെ നടത്തിപ്പുകാരിൽ നിന്ന് വാങ്ങുന്നത്. പ്രതിമാസം 50,000 രൂപ അലവൻസ് ലഭിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാനും വെള്ളം, വൈദ്യുതി എന്നിവയുടെ ബിൽ അടയ്ക്കാനും ഡീസൽ ജനറേറ്ററിന്റെ പ്രവർത്തനത്തിനും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ ജി.സി.ഡി.എയുടെ നേതൃത്വത്തിൽ സി.എസ്.എം.എല്ലിന്റെ ഫണ്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് സാംസ്കാരിക ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നു.
പി. പ്രകാശ്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
പ്രസിഡന്റ്
മൂന്നു കോടിയുടെ
നവീകരണം
മൂന്നുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഉടൻ തന്നെ ടെൻഡർ ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌സ് തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പാർക്ക് പുനർ രൂപകല്പന ചെയ്യുന്നത്. മാർച്ചോടെ പദ്ധതി പൂർത്തിയാകും.
തനിമ നിലനിർത്തി പാർക്ക് കാലോചിതമായി നവീകരിക്കുകയാണ് ലക്ഷ്യം.
കെ.ചന്ദ്രൻപിള്ള
ജി.സി.ഡി.എ ചെയർമാൻ