
ഫോർട്ട്കൊച്ചി: മിസ്റ്റർ ഏഷ്യ ശരീരസൗന്ദര്യ മത്സരചാമ്പ്യൻഷിപ്പിലേക്ക് കൊച്ചിയുടെ അഭിമാനമായ അശ്വിൻ ഷെട്ടി മാലിദ്വീപിലേക്ക്. ഇന്ത്യയുടെ താരമായി 80 കിലോ വിഭാഗത്തിലാണ് അശ്വിൻ മത്സരിക്കുക. ഹിമാചൽ പ്രദേശിൽ നടന്ന യോഗ്യതാമത്സരത്തിൽ നിന്നാണ് ഇന്ത്യൻ റെയിൽവേ പ്രതിനിധിയായി അശ്വിനെ തിരഞ്ഞെടുത്തത്.
ജൂണിൽ തെലുങ്കാനയിൽ നടന്ന മിസ്റ്റർ ഇന്ത്യ മത്സരവിജയിയാണ്. കൊച്ചിയിലെ ജിംനേഷ്യത്തിലും കടപ്പുറത്തുമായി കടുത്ത പരിശീലനത്തിലായിരുന്നു അശ്വിൻ. ഫോർട്ടുകൊച്ചി അമരാവതി ഭഗവതി പറമ്പിൽ ആർ.എസ്.അനിൽ കുമാർ - ആശ ദമ്പതികളുടെ മകനായ അശ്വിൻ ചെന്നൈയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻ ഒഫ് ചാമ്പ്യൻപട്ടം നേടിയ രണ്ടാമത്തെ മലയാളിയാണ്. മൂന്നുതവണ മിസ്റ്റർ ഇന്ത്യൻ റെയിൽവേയായും തിരഞ്ഞെടുക്കപ്പെട്ടു.
ബോഡി ബിൽഡിംഗിൽ മൂന്നുതവണ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ സൗത്ത് ഇന്ത്യയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടർച്ചയായി നാലുതവണ മിസ്റ്റർ മഹാത്മാഗാന്ധി സർവകലാശാല പട്ടം നേടിയിട്ടുണ്ട് .ഒരുപ്രാവശ്യം മിസ്റ്റർ ഇന്റർവാഴ്സിറ്റിയായും തിരഞ്ഞെടുത്തു. സൗത്ത് ഈസ്റ്റ് റെയിൽവേയിൽ കൊൽക്കത്തയിൽ സീനിയർ ക്ലർക്കായ അശ്വിൻ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ നിന്നാണ് ബോഡി ബിൽഡിംഗ് പരിശീലനം തുടങ്ങിയത്. എം.എം.സലീം, അനസ് ഹുസൈൻ എന്നിവരാണ് പരിശീലകർ. ഏകസഹോദരി അശ്വതിയും അറിയപ്പെടുന്ന ഗുസ്തി താരമാണ്.