
കോലഞ്ചേരി: മണ്ണൂർ- വാളകം റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മണ്ണൂരിൽ നിന്നും വാളകത്തേക്ക് തിരിയുന്ന ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടത്. മണ്ണൂർ - പോഞ്ഞാശേരി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പടിഞ്ഞാറെ കവലയിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രണ്ട് മീറ്റർ വീതിയിൽ റോഡിന് നടുവിലൂടെ ചാൽ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണം. ഇതോടെ മണ്ണൂർ വാളകം റോഡിലെ ഓടകളിൽ ചെളിയടിഞ്ഞ് ഒഴുക്ക് നിലച്ചു. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹന, കാൽനട യാത്രക്കാർ ദുരിതത്തിലായി. റോഡിലെ വെള്ളം വ്യാപാര സ്ഥാപനങ്ങളിലും കയറുന്നുണ്ട്. വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.