
അങ്കമാലി : അങ്കമാലിയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യാപകമായ പരിശോധന നടത്തി. രണ്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി.
ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ 11 ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. അങ്കമാലി എം.സി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ നിള പാലസ്, അങ്കമാലി ദാബ എന്നീ ഹോട്ടലുകളിൽ നിന്നായാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇറച്ചിവിഭവങ്ങൾ, സാലഡുകൾ, മയോണൈസ് തുടങ്ങിയവയാണ് പിടികൂടിയത്. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കും എതിരെ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഫിയാദ്, ഇൻസ്പെക്ടർമാരായ സുധീഷ്, പ്രദീപ് രംഗൻ എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്ന് അങ്കമാലി നഗരസഭാ ഫുഡ് ഇൻസ്പെക്ടർ ഷിയാദ് അറിയിച്ചു.