kaumudi

ആലുവ: ആലുവാ നഗരത്തിലെ തകരാറിലായ റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറിയാലുടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ബാങ്ക് കവല മുതൽ പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം പാലം വരെ ടാറിംഗ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗിന് എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും പി.ഡബ്ളിയു.ഡി അസി. എക്സി. എൻജിനിയർ മുഹമ്മദ് ബഷീർ അറിയിച്ചു.

'ആലുവയിലെ റോഡുകൾ തകർന്ന് തരിപ്പണം പൊതുമരാമത്തിന് കുലുക്കമില്ല' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച്ചയെങ്കിലും മഴ പൂർണമായി മാറിയാലെ ബി.എം.ബി.സി ടാറിംഗ് പൂർത്തിയാക്കാനാകു. എടയാർ - യു.സി കോളേജ് റോഡ് ടാറിംഗിനും നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മഴയാണ് പ്രധാനപ്രശ്നം. റെയിൽവേ പാലത്തിലും മറ്റും രൂപപ്പെട്ടിട്ടുള്ള കുഴികൾ താത്കാലികമായി അടക്കാൻ ഉടൻ നടപടിയുണ്ടാകും. നഗരത്തിലെ കുഴികളിലേറെയും ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ടതാണ്. പമ്പ് കവല, സ്വകാര്യ ബസ് സ്റ്റാൻഡ്, എസ്.എൻ.ഡി.പി സ്കൂൾ പരിസരത്തെ കുഴികളെല്ലാം പൈപ്പ്പ്പൊട്ടി ഉണ്ടായതാണ്.

എൻ.എ.ഡി റോഡും എടയപ്പുറം റോഡും ബി.എം.ബി.സി ടാറിംഗിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പക്ഷെ കാക്കനാട് കിൻഫ്രയിലേക്ക് കുടിവെള്ള പെെപ്പ് സ്ഥാപിക്കുന്നതിന്റെ പേരിലാണ് നിർമ്മാണം വൈകുന്നത്. എടയപ്പുറം ഭാഗത്ത് കിൻഫ്രയുടെ പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിലച്ചു. അതോടെ ബി.എം.ബി.സി ടാറിംഗ് അനിശ്ചിതമായി നീളുന്ന അവസ്ഥയിലായി. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയില്ല. രണ്ടാഴ്ച മുമ്പ് ടാറിംഗ് പൂർത്തിയായതിന് പിന്നാലെ കുഴികൾ രൂപപ്പെട്ട നസ്രത്ത് റോഡ് നഗരസഭയുടേതാണ്. പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന പ്രചരണം ശരിയല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.